ബാബുട്ടന്റെ കൂടെ ഒരു " ടൂ ... ര്‍ ..ര്‍ ..ര്‍.. ! " , - പ്ലേ & റിപ്ലേ

നാട്ടിലെ വൃദ്ധരായ ഒരു പറ്റം ആളുകളുള്ള ഒരു സംഘടനയുണ്ട് " യംഗ് മെന്‍സ് അസോസിയേഷന്‍ ".
അതെന്താ ഇഷ്ടാ അങ്ങനെ ഒരു പേര് ...!
പണ്ട് വിമോചന സമരം കൊടുമ്പിരി കൊണ്ട സമയത്തോ മറ്റോ ആണ് ,
നാട്ടിലെ വളരെ പ്രമുഖരും തല നരച്ചവരും നരക്കാന്‍ അനുവദിക്കാതവരുമായ ഇന്നത്തെ ആ സംഘടനയുടെ
ഭാരവാഹികള്‍ അവരുടെ ആയ കാലത്ത് രൂപീകരിച്ച സംഘടന. അന്ന് ശരിക്കും " യംഗ് മെന്‍സ് അസോസിയേഷന്‍ " തന്നെയായിരുന്നു.. !

പക്ഷെ ഇന്ന് , കാലം വരുത്തിയ നരകള്‍ ചായം കൊണ്ട് മാച്ചു കളഞ്ഞ് ഈ അഭിനവ യുവാക്കള്‍ ,
ഇപ്പോഴും മെയിന്‍ റോഡിന്റെ കേവലം ഇരുനൂറു മീറ്റര്‍ മാത്രം ഉള്ളിലേക്ക് ചെന്നാല്‍ കാണാവുന്ന
എട്ട് സെന്റ് ഭൂമിയില്‍ പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തില്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഒരു ശല്ല്യമില്ലാതെ അവിടെയിരുന്നു ചീട്ടു കളിച്ചും അവിടുത്തെ കൊച്ചു ടി വിയില്‍ എഫ് .ടി .വി കണ്ടും
പൊയ്പ്പോയ ഇന്നലകളിലെ ഓര്‍മ്മകള്‍ അയവിറക്കിയും , ചെറുത് അടിച്ചും , മുഹമ്മദ്‌ റാഫിയുടെയും കിഷോര്‍ കുമാറിന്റെയും ഹിന്ദി പാട്ടുകള്‍ മൂളിയും( ശ്രുതി പോയിട്ട് ഒരു പത്ത് പൈസയുടെ സംഗതി പോലുമില്ലാതെ ) താളം പിടിച്ചും , ഏറ്റു പാടിയും ..അവരുടെ മക്കളും ഇപ്പോഴത്തെ യഥാര്‍ത്ഥ 'യംഗ് മെന്‍ ' ആയ ആധുനിക സമൂഹത്തെ കുറിച്ച് ആശങ്കപ്പെട്ടും കഴിഞ്ഞു പോന്നു ..!

നാട്ടിലെ മെഡിക്കല്‍ സ്റ്റോര്‍സില്‍ ഏറ്റവും ചെലവുള്ള ഐറ്റംസ് ഏതെന്നു ചോദിച്ചാല്‍ ,
ഉത്തരം ( അയ്യേ , അതല്ല ...! ) ഗോദ്റെജ് ഡൈ , പ്രഷറിന്റെ ഗുളിക , ഷുഗറിന്റെ ഗുളിക ഇത്യാദി സാധങ്ങളായിരുന്നു ..

ഇവിടുത്തെ ഡൈ എന്ന സാധനത്തിന്റെ ഉപജ്ഞാതാവ് ആര് എന്ന ചോദ്യത്തിനുത്തരവും ..
പെട്ടത്തലയില്‍ മുടിയില്ലാത്ത ആ ഭാഗത്ത്‌ പോലും കറുത്ത ചായം പൂശിയ കലാകാരന്‍, റിട്ടയെര്‍ഡ് പട്ടാളക്കാരന്‍
മിസ്റ്റര്‍ കേണല്‍ തോമസ്‌ സാര്‍ ആണ് ഈ കഥയിലെ ആദ്യ നായകന്‍ ...!

എപ്പോഴും ഹിന്ദി സംസാരിക്കാന്‍ ശ്രമിക്കുന്ന , ഹിന്ദി പാട്ട് മാത്രം പാടുന്ന കേണല്‍...!!
ഇന്നത്തെ തലമുറയില്‍ പെട്ട ആരെങ്കിലും , മുന്‍ ജമങ്ങളില്‍ എപ്പോഴോ ചെയ്ത പാപത്തിന്റെ ഫലമായി
അറിയാതെ എങ്ങാനും നമ്മുടെ കേണല്‍ സാറിന്റെ അടുത്തെങ്ങാനും ചെന്ന് പെട്ടാല്‍ ...!
പിന്നെ പെട്ടു ..!!

ഒരിക്കലും പെയ്തു തീരാത്ത മഴ പോലെയാണ് കേണല്‍ സാറിന്റെ ' വെടി കഥകള്‍ ' ( അയ്യേ , വീണ്ടും അതല്ല ).
അതെന്താ എന്നറിയില്ലേ ..?
കേണല്‍ സാറിന്റെ പട്ടാളത്തിലെ ' ധീര കഥകള്‍ ,
വീര കഥകള്‍ , ഐശ്വര്യ കഥകള്‍ പാടാം ' എന്ന് ഒരിക്കല്‍ കൂട്ടുകാരോടൊത്ത് ,
പാലത്തിനടുത്ത് ഇരിക്കുന്ന വേളയില്‍ എന്റെ സര്‍ഗ്ഗാത്മകതയുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു ഞാന്‍ പാടിയ ഗാനം കേട്ട് , കേണല്‍ സാര്‍ എന്നെ നോക്കിയാ ആ നോട്ടം ... !!
അതിര്‍ത്തി കടന്നു വന്ന ചൈനക്കാരെ എങ്ങാനും നോക്കിയിരുന്നുവെങ്കില്‍ ...
തമ്പുരാന്‍ തന്നാനെ , അവര്‍ ദലയ്ലാമ , അരുണാചല്‍ പ്രദേശ്‌ എന്നൊന്നും പറഞ്ഞു ആ വഴിക്ക് അവര് വരില്ലായിരുന്നു ..!

പക്ഷെ , ഞങ്ങളുടെ കാര്യത്തില്‍ ' ഉര്‍വശി ശാപം ഉപകാരമായി '
അതിനു ശേഷം , പട്ടാള കഥ പോയിട്ട് കേണല്‍ സാറിന്റെ ഒരു കഥയും കേള്‍ക്കേണ്ട ഗതികേട് എനിക്കോ ,
എന്റെ കൂട്ടുകാര്‍ക്കോ ഉണ്ടായിട്ടില്ല ...!
ചിലപ്പോഴൊക്കെ ഒരു സമൂഹത്തിനു വേണ്ടി ഒരാള്‍ രക്തസാക്ഷി ആകേണ്ടി വരും ..!
ഞാന്‍ ഒരു നിമിത്തമായി ..!
" ഒരിടത്തവന്റെ പേര്‍ ചെഗ്വേരയെന്നാണെങ്കില്‍ മറ്റൊരിടത്ത് അവനു പ്രവീണ്‍ എന്ന് പേര്‍ ...!!"

ഈ വൃദ്ധ കൂട്ടായ്മയുടെ സൌന്ദര്യം കണ്ട് പഠിക്കാന്‍ ശ്രമിച്ചവരാണ് ഞങ്ങള്‍ പുതിയ തലമുറ ..
പക്ഷെ , ഉപ്പിനോളം ഒക്കുമോ ഉപ്പുമാവ് ..!
പഴയ തലമുറയുടെ 'ഓട്ടങ്ങളുടെയും ചാട്ടങ്ങളുടെയും' കഥകള്‍ അവരുടെ ' സ്മോള്‍ ' സദസ്സുകളില്‍ നിന്ന്
ഒളി ക്യാമറയില്‍ നിന്നെന്ന പോലെ പുറത്തു ചാടുകയും ...
ബ്ലൂ ടൂത്ത് വഴിയെന്ന പോലെ പെട്ടന്ന് പടരുകയും ചെയ്തു ...!

ആ കഥകള്‍ അവരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും
" ട്വിങ്കിള്‍ .. ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ " പോലെ ബൈ ഹാര്‍ട്ട്‌ ആയിരുന്നു ...
' എന്ത് കൊണ്ട് .. എന്ത് കൊണ്ട് .. എന്ത് കൊണ്ട് .... ?
കേര്‍ണല്‍ സാര്‍ ഹിന്ദി വിരഹ ഗാനങ്ങള്‍ പാടുന്നത് എന്ത് കൊണ്ട് ..?
കഴിഞ്ഞ വര്‍ഷം ടൌണിലെ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു ടീച്ചര്‍ , പണ്ട് നാട്ടില്‍ നിന്നു ട്രാന്‍സ്ഫര്‍ വാങ്ങി ടൌണിലേക്ക് പോയതെന്ത് കൊണ്ട് ?? എന്ത് കൊണ്ട് .. എന്ത് കൊണ്ട് ...?
എന്നിങ്ങനെയുള്ള നാട്ടിലെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പാണന്മാര്‍ പാടി നടക്കാതെ തന്നെ ,
ഞങ്ങള്‍ അറിഞ്ഞത് അങ്ങനെയാണ് ... !
ഏത് നാട്ടിന്‍പുറത്തെ പോലെയും , തലമുറ തലമുറ കൈമാറി ഞങ്ങള്‍ക്ക് കിട്ടിയ കരുത്ത് ..!
അവര്‍ക്ക് ബദലായി ഞങ്ങളുടെ തലമുറ ഒരു 'ഓള്‍ഡ്‌ മെന്‍സ് അസോസിയേഷന്‍ ' എന്ന ഒരു സംഘടന ഉണ്ടാക്കണമെന്ന ക്രിയാത്മകമായ എന്റെ നിര്‍ദ്ദേശം എന്റെ കൂട്ടുകാര്‍ വോട്ടിനിട്ട് തള്ളികളഞ്ഞത് എന്ത് കൊണ്ട് , എന്ത് കൊണ്ട് ..? എന്ന എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല ..

എക്സ് - ഗള്‍ഫുകാരും റിട്ടയേര്‍ഡ്‌ ഉദ്യോഗസ്ഥരും അടങ്ങുന്ന ' യംഗ് മെന്‍സ് അസോസിയേഷ'ന്റെ എക്കാലത്തെയുമുള്ള പ്രസിഡന്റ്‌ കേര്‍ണല്‍ സാര്‍ ആണ് ...! അതാണ്‌ മിലിട്ടറി ക്വാട്ടയുടെ ഒരു പവറ് ..!
എത്ര അഭിപ്രായ വ്യതാസമുണ്ടായാലും കേര്‍ണല്‍ സാറിന്റെ മിലിട്ടറി ക്വാട്ടയുടെ മുന്‍പില്‍ അവര്‍ ഒരേ സ്വരമാകുന്നു ..!

"മിലേ , സ്വര് മേരാ തുമാരാ ...!! "
അതുകൊണ്ട് തന്നെയാണ് .. തണുപ്പ് കാലത്ത് , കഴിഞ്ഞ വര്‍ഷം ക്രിസ്മസ് അവധി തുടങ്ങുന്നതിനു മുന്‍പ് ,അവര്‍ ഒരു ടൂര്‍ പോകാനുള്ള തീരുമാനമുണ്ടായത് ...!

മൈസൂര്‍ , ഊട്ടി , ഗോവ തുടങ്ങിയ ഒരുപാട് സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു ...!!
പക്ഷെ മിലിട്ടറി ക്വാട്ടയുടെ സ്വാധീനം അവിടെയും കാണാമായിരുന്നു ..!
കേര്‍ണല്‍ പറഞ്ഞു, വണ്‍ ഡേ ടൂര്‍ മതി ...!
" വണ്‍ ഡേ ടൂര്‍ മതി ...! "
കേര്‍ണല്‍ പറഞ്ഞു ,രാവിലെ തന്നെ പോകാം ...
"ശരി , രാവിലെ പോകാം ... "
കേര്‍ണല്‍ പറഞ്ഞു , മൂന്നാറ് മതി ...
" അതെ അതെ .. മൂന്നാറ് മതി ....!!"
കേര്‍ണല്‍ പറഞ്ഞു , കുപ്പികളെല്ലാം തന്റെ വക എന്ന് .....!
എല്ലാരും കയ്യടിച്ചു തീരുമാനം പാസ്സാക്കി ..! അവര്‍ ഉള്ളു തുറന്നു ചിരിച്ചു ..
അറുപതു വയസ്സ് കഴിഞ്ഞവര്‍ക്കും ആറു വയസ്സുകാരുടെ നിഷ്കളങ്കത ..!
ഇതുപോലെ ഒരു ചിരിയുടെ സൗന്ദര്യം ' എലി പുല്ലും കതിര്‍ കണ്ട പോലെ ' എന്ന ഭാഷാപ്രയോഗത്തില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു ..!തീരുമാനമെടുത്തു യോഗം പിരിയുമ്പോള്‍ എല്ലാരും എന്തെന്നില്ലാത്ത സന്തോഷം ..!

അവര്‍ എല്ലാം നല്ല സാമ്പത്തിക ഭദ്രതയുള്ളവര്‍ ..!
അഞ്ചക്ക പെന്‍ഷന്‍ വാങ്ങുന്നവര്‍ , ബാങ്കില്‍ ലക്ഷങ്ങളുടെ ഡെപ്പോസിറ്റ് ഉള്ളവര്‍ ...!
ബ്ലേഡ് , റിയല്‍ എസ്റ്റേറ്റ്‌ എന്നീ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ ...!
ആയിരങ്ങള്‍ വലിച്ചെറിയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലാത്തവര്‍ ...!!
പക്ഷെ , അംബാനിയായാലും വെറുതെ കുടിക്കാന്‍ ( പ്രാസത്തിനനുസരിച്ചു പറയണമെങ്കില്‍ വാക്ക് വേറെയാണ് പക്ഷെ ..! )
കിട്ടിയാല്‍ , ആ സന്തോഷം .. ഒരു സന്തോഷം തന്നെയാണ് ...!

കേര്‍ണല്‍ സാറിന്റെ അയല്പക്കക്കാരനായ ബാബുട്ടന്‍ ആണ് അടുത്ത കഥാപാത്രം ..!
ഞങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും ഉണ്ടാവേണ്ടവനാണ് ..
പക്ഷെ വല്ലപ്പോഴും ഒന്ന് വന്നു പോകും ...!
അവിടുത്തെ വാടകയ്ക്ക് ഓടുന്ന മിനി - ബസ്സിന്റെ ഡ്രൈവര്‍ ,
കല്യാണ സീസണ്‍ കഴിഞ്ഞാലെന്താ , അത് കഴിഞ്ഞാല്‍ ശബരിമല സീസണ്‍ വരുമല്ലോ ...!
മുതിര്‍ന്നവരുടെ മുന്‍പില്‍ നല്ല " കുരുത്തം " ഉള്ള പയ്യന്‍ ...!
ഞങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കേര്‍ണലിന്റെ വീരകഥകള്‍ കേട്ടിരിക്കാനുള്ള വലിയ മനസ്സ് ..
സമ്മതിക്കണം ..! ഒരേ കഥ ആവര്‍ത്തിച്ചു ഇരുപത്തി നാലാമത്തെ വട്ടം പറയുമ്പോളും ...,
" സാറേ , ഇത് മുന്‍പ് പറഞ്ഞതല്ലേ ?"എന്ന് പോലും ചോദിക്കാതെ ,
ഒരു ലേറ്റസ്റ്റ് ഹിറ്റ്‌ ഗാനം ആവര്‍ത്തിച്ചു കേള്‍ക്കുന്ന കൊച്ചു കുട്ടിയുടെ മുഖഭാവത്തോടെ ഇരിക്കുന്ന ,
വിനയവും ലാളിത്യവും ഒരേ അനുപാതത്തില്‍ മിക്സ്‌ ചെയ്തു ഉണ്ടാക്കിയ ഒരു അപൂര്‍വ്വ പ്രതിഭാസം ..!

നാട്ടിലെ പെണ്‍കുട്ടികളുടെ മനസ്സിലെ ഏക കാമുക സങ്കല്പം ...! വണ്‍ ആന്‍ഡ്‌ ഒണ്‍ലി ബാബുട്ടന്‍ ...!

ടൂറിനു ഏത് വണ്ടി വിളിക്കണം എന്ന് കേര്‍ണലിന് ഒരു സംശയവും ഇല്ല ...!
ഡ്രൈവര്‍ ബാബുട്ടന്‍ അടക്കം പന്ത്രണ്ട് പേര് കേറിയാലും പിന്നെയും ഒരു കാര്‍ഗില്‍ യുദ്ധത്തിനുള്ള സ്ഥലം ബാക്കിയുണ്ടാകും ... !!

"ഭക്ഷണം , ഹോട്ടലില്‍ നിന്നു വേണ്ട ...! " കുടവയറുള്ള റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ വേലായുധന്‍ മാഷ്‌ ഈ അഭിപ്രായം പറഞ്ഞപ്പോള്‍ ,
മറ്റുള്ളവര്‍ മാത്രമല്ല ..ഒരു ഹോട്ടല്‍ ഭക്ഷണ പ്രേമിയായ ബാബുട്ടനും ഞെട്ടി ...!
" വേണ്ട , കേര്‍ണല്‍ .. വേണ്ട .. ക്രിസ്മസ് ആണ് വരുന്നത് .. ഒരു ദിവസത്തെ ടൂറിനു വേണ്ടി നമ്മുടെ ക്രിസ്മസ് മൊത്തം കുളം ആക്കണോ ?"
വേലായുധന്‍ സാര്‍ ഈ ആശയം മുന്നോട്ടു വച്ചപ്പോള്‍ .. അധ്യാപകരുടെ വാക്കുകള്‍ക്ക് എന്നും വിലനല്കിയിരുന്ന ഞങ്ങളുടെ സമൂഹം ..( എന്താണാവോ , ഇപ്പോള്‍ ഇല്ല .. !! ) ഒടുവില്‍ ആ വാക്കുകള്‍ അംഗീകരിച്ചു ..!
ടൂറിനു പോകേണ്ട ദിവസത്തിന് തലേദിവസം മെനു തയ്യാറാക്കി , സാധനങ്ങള്‍ വാങ്ങി , ഗ്യാസ് അടുപ്പും കുറ്റിയും കൊണ്ട് വന്നു പാചകം തുടങ്ങി ...!
വെജിറ്റെറിയനും നോണ്‍-വെജിറ്റെറിയനും ..! രാത്രി കോഴികളുടെ നിലവിളി കേട്ട് , ' നട്ടും ബോള്‍ട്ടും ' പ്രതീക്ഷിച്ചു പോയഞങ്ങള്‍ നാലംഗ സംഘത്തെ അവര്‍ മൈന്‍ഡ് ചെയ്യാന്‍ പോലും മനസ്സു കാണിക്കാത്തതില്‍ പ്രതിഷേധിച്ചു ഞങ്ങള്‍ വാക്ക് ഔട്ട്‌ നടത്താന്‍
ഒരുങ്ങിയപ്പോള്‍ , ആ കാഴ്ച കണ്ട് ഞെട്ടി ..!

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ...! പിന്നെ തോരന്‍ , അച്ചാറ് തുടങ്ങിയവ ഒരു വശത്തും ...
മറുവശത്ത് നാടന്‍ കോഴിക്കറി , പാചകക്കാരന്‍ സുരേഷ് ചേട്ടന്റെ സ്പെഷ്യല്‍ ചില്ലി പോര്‍ക്ക് , മീന്‍ വറുത്തത്‌ എന്നിവയും ...!

" അതെന്താ .. പായസവും ഉണ്ടോ സുരേഷേട്ടാ ..?" എന്റെ കൂട്ടുകാരന്‍ സിന്റോ മോനാണ് ...!
" നിന്റെ കരിനാക്ക് വളക്കാതെ സിന്റപ്പാ ,ഇത് ഇസ്റ്റു ..! തേങ്ങാ പാലില്‍ ഉരുളന്‍ കിഴങ്ങ് ഇട്ടു ...." സുരേഷേട്ടന്‍ അതിന്റെ മഹിമയെ കുറിച്ച് വാചാലനായി ..!
" ഇത് ഞാന്‍ പറഞ്ഞിട്ടാ ...!" വേലായുധന്‍ മാഷ്‌ കുടവയര്‍ തിരുമ്മി ക്രെഡിറ്റ്‌ ഏറ്റെടുത്തു ...
" മാഷേ , അധികം ഇളക്കരുത് ..!!!"
"എന്തോ ...? " മാഷിന്റെ കണ്ണ് തള്ളി..." അല്ലാ ...മാഷേ , ഇത് നാളെ അധികം ഇളക്കരുത് .. ട്ടോ ...? " സുരേഷേട്ടന്റെ വാര്‍ണിംഗ് ..
" നീ പോടാ ... എന്നെ നീ പഠിപ്പിക്കേണ്ടാ ... !!" മാഷുടെ കണ്ണ് ചുവന്നിട്ടുണ്ട് .. ഒരു ചെറുത്‌ വിട്ടിട്ടുണ്ട് ...!
" അതെയതെ , ഹും മാഷുമാരോടാണോടാ ... ആണോടാ നിന്റെ കളി .. ഹും ...!" കേര്‍ണല്‍ അങ്ങനെയാണ് പറയാന്‍ ഉദ്ദേശിച്ചത് ..
അതിനിടയില്‍ എപ്പോഴോ " മുസാഫിര്‍ ..ഒ .. യാരോ ..., യാരാരോ ..യാരി രാരോ ...!" വന്നു ..
"തെക്കേ മലയിലെ പാറയില്‍ , ചിരട്ട ഉരച്ചാപോലെ ലേ ..!" ഉല്‍പ്രേക്ഷ ആയാലും ഉപമ ആയാലും
തീരെ പുതുമയില്ലാത്ത സിന്റോ മോന്റെ ഡയലോഗ് കേട്ട് എന്റെ മനസ്സു അന്ന് രാത്രി ഒരു ഉരുള്‍പൊട്ടല്‍ പ്രതീക്ഷിച്ചു ...!
പക്ഷെ സിന്റോ മോന്റെ നാവിന്‍ ശൌര്യം പണ്ടേ പോലെയില്ല ..!
അത് കൊണ്ട് പിറ്റേ ദിവസം അവര്‍ക്ക് ടൂര്‍ പോകാനുള്ള ഭാഗ്യം ഉണ്ടായി ..!

" സിന്റോ മോനേ , ഒരു പത്തിരുപതു വര്‍ഷം കഴിയട്ടെ ... നമുക്കും ഇതുപോലെ ... "
" പുണ്യം ചെയ്യണം ... ! ആഹ് ...! " പഴയ തലമുറയെയും അവരുടെ കൂടെ പോകുന്ന ബാബുട്ടനെയും ഓര്‍ത്തു ഞങ്ങള്‍ അസൂയ പൂണ്ടു ..

" ബാബുട്ടാ ....!!! "

ബാബുട്ടന്‍ അങ്ങനെയാ , ഏഴിന് വരാന്‍ പറഞ്ഞാല്‍ ആറരക്കു വരും ..!
ടൂര്‍ ദിനം രാവിലെ എണീക്കുമ്പോള്‍ അവന്റെ അഹങ്കാരത്തിന്റെ എയര്‍ഹോണ്‍ മുഴങ്ങുന്നുണ്ടായിരുന്നു ...
ഞാന്‍ പല്ല് തേക്കണ നേരത്ത് , നിരാശയുള്ള മുഖഭാവവുമായി പാലും കൊണ്ട് സൈക്കിളില്‍ സിന്റോ എന്റെ അരികിലെത്തി .
അവന്‍ നേരെ തന്നെ നോക്കി നില്‍ക്കുന്നു ... ഒരു രണ്ട് മിനിറ്റ് ഒന്നും മിണ്ടാതെ ...
" ദിപ്പോ , അവര് ഹൈ വേയില് എത്തിട്ടുണ്ടാകും .. ല്ലേ ..? അവന്‍ നിരാശന്‍ ആണ് .
"നമ്മള് ആശിച്ചിട്ടും മോഹിച്ചിട്ടും എന്താ കാര്യം ന്റെ സിന്റപ്പാ ....? " ഞാനും നിരാശന്‍ ആണ് ..
" ദൈവമേ .... ഒന്നും വരുത്തല്ലേ ...? !! "
സിന്റോ മോന്‍ അത് പറഞ്ഞതും , എന്റെ ഉള്ളൊന്നു കത്തി ...ടൂര്‍ പോയവര്‍ നാട്ടിലെ പ്രമുഖരായ പതിനൊന്നു പേര്‍ . കൂടെ ഞങ്ങളുടെ ബാബൂട്ടനും ... !!

******* ********* *********

ടൂര്‍ പോയി വന്നതിന്റെ പിറ്റേ ദിവസം , പഴയ തലമുറയുടെയും ബാബുട്ടന്റെയും ഭാഗ്യത്തെ കുറിച്ചും പറയുന്നതിനിടയില്‍ ബാബുട്ടന്‍ വന്നു , അവനു നല്ല ഉറക്കക്ഷീണം ...
" അടിപൊളിയായോടാ ...?"
അവന്‍ ഒന്നും മിണ്ടിയില്ല , വിഷണ്ണനായി ഞങ്ങളുടെ അരികില്‍ ഇരുന്നു അവന്‍ ടൂര്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങും മുന്‍പ് ...
കേര്‍ണല്‍ വന്നു ...!
എന്താണാവോ അവന്‍ എണീറ്റില്ല ... ഞാന്‍ പിന്നെ പണ്ടേ എണീക്കാറില്ല ..!!
ഞാന്‍ ഉണ്ടെങ്കില്‍ കേര്‍ണല്‍ ആ സൈഡിലേക്ക് പോലും നോക്കാറില്ലല്ലോ ...

പക്ഷെ ബാബുട്ടനെന്താ , മൂന്നാറ് വച്ച് കണ്ട പരിചയം പോലുമില്ലല്ലോ ...!!
" ഇന്നാ .. പറഞ്ഞ വാടക ..." കേര്‍ണല്‍ പറഞ്ഞു ...
"ഓ വാടക കൊടുക്കാന്‍ വന്നതാ ...അതാണ്‌ " എന്റെ മനസ്സു പറഞ്ഞു ..
ബാബുട്ടന്‍ കേര്‍ണലിന്റെ മുഖത്ത് പോലും നോക്കാതെ കാശ് വാങ്ങി കീശയില്‍ ഇട്ടു , താഴെ നോക്കി നിന്നു ..
" ഇത് കൂടി പിടിച്ചോ .. അയ്യായിരമുണ്ട് ...!" വീണ്ടും കേര്‍ണല്‍ ..
" പടച്ചോനെ , ബാബുട്ടാ നിന്റെ ടൈം ബെസ്റ്റ് ടൈം ..!" എന്റെ മനസ്സു പറഞ്ഞു ..
" ഇനീം വേണേല്‍ പറയണം ട്ടോ ..! " കേര്‍ണലിന്റെ അവസാന വാക്കുകള്‍ കേട്ടപ്പോള്‍ ബാബുട്ടന്‍ തലയാട്ടി ..

പക്ഷെ , ഇത്രേം കിട്ടിയിട്ടും അവന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലല്ലോ ...!!
" വണ്ടി ഒക്കെ കഴുകിയില്ലേ ബാബുട്ടാ ...!!" കേര്‍ണല്‍ സാര്‍ അത് പറഞ്ഞതും അവന്‍ പുള്ളിക്കാരനെ രൂക്ഷമായി ഒന്ന് നോക്കി ... അപ്പോള്‍ തന്നെ ഒന്നും മിണ്ടാതെ കേര്‍ണല്‍ അവിടെ നിന്നു നടന്നു ... !

" സത്യത്തില്‍ എന്താണ് ബാബുട്ടാ ..സംഭവിച്ചത് ? "

ഇനിയാണ് സംവിധായകന്‍ ലാല്‍ സ്റ്റൈല്‍ " പ്ലേ & റീ പ്ലേ ..!!"

ബാബുട്ടന്‍ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു ....

കഴിഞ്ഞ ദിവസം കൃത്യ സമയത്തിന് പത്ത് മിനിറ്റ് മുന്‍പേ .. അവര്‍ ടൂറിനു പുറപ്പെട്ടു ..
അതിലും അര മണിക്കൂര്‍ മുന്‍പേ അവയ്ക്ക് പുറപ്പെടാമായിരുന്നു ..!!
ആദ്യം ബാബുട്ടന്റെ ഡോള്‍ബി സെറ്റില്‍ ഒരു ഭക്തി ഗാനം " ഡാഡി .. മമ്മി ...!"
അത് കഴിയും മുന്‍പേ കേര്‍ണല്‍ സാര്‍ കൊടുത്ത ഓള്‍ഡ്‌ ഹിന്ദി പാട്ടുകളുടെ സി .ഡി .കളക്ഷന്‍ ബാബുട്ടന്റെ കയ്യില്‍ കൊടുത്തു ..!

"ജീനാ യഹാം .. മര്‍ണാ ..." പാട്ട് തുടങ്ങിയതും കേര്‍ണല്‍ സാര്‍ നൃത്തം തുടങ്ങി .. കേര്‍ണലിനു അങ്ങനെ ഇന്ന പാട്ട് എന്നൊന്നുമില്ല ...!
മൂന്ന് പാട്ട് കഴിഞ്ഞില്ല , വേലായുധന്‍ മാഷ്‌ കെറ്റിലില്‍ നിന്നു ചായ എടുത്തു ..
അങ്ങനെ യാത്ര തുടര്‍ന്നു , കൃത്യമായ ഇടവേളകളില്‍ കുപ്പി പൊട്ടി , ഭക്ഷണം കഴിച്ചു , സി .ഡി മാറ്റി ...
ചിലപ്പോള്‍ അര മണിക്കൂര്‍ വണ്ടി ഒതുക്കി കാഴ്ചകള്‍ , പിന്നെയും ഭക്ഷണം ..!

കാണുന്നത് മൂന്നാറാണോ , പറമ്പിക്കുളമാണോ അതോ കാശ്മീര്‍ ആണോ ...! ആര്‍ക്കറിയാം ..
നീലക്കുറിഞ്ഞി പൂത്താലെന്താ .. പൂത്തില്ലെങ്കിലെന്താ ...?
കാണുന്നത് വരയുള്ള ആടായാലെന്താ , വരയില്ലാത്ത ആടായാലെന്താ ... ?
അവര്‍ ആടി ആടി വീണ്ടും മിനി ബസ്സിലേക്ക് ...
" മണി നാലായി , പോകേണ്ടേ ...?" എന്ന് ചോദിച്ച ബാബുട്ടനു നേരെ കേര്‍ണല്‍ എടുത്തത്‌ തോക്കല്ല ..
പക്ഷെ ഒരു വാളായിരുന്നു ...!!

അതിനിടയില്‍ , ഉച്ചഭക്ഷണം കഴിച്ചപ്പോഴാണോ അതോ രാവിലെ വെള്ളപ്പം കഴിച്ചപ്പോഴാണോ എന്നറിയില്ല ,
വേലായുധന്‍ മാഷുടെ പ്രത്യേക താല്പര്യ പ്രകാരം ഉണ്ടാക്കിയ തേങ്ങാപ്പാല്‍ കൊണ്ടുണ്ടാക്കിയ " ഇസ്റ്റു " കറി
വണ്ടിയില്‍ ഇരുന്നു പാത്രം ഇളകിയതു കൊണ്ടോ , ഇടക്കിടക്ക് അവര്‍ ഭക്ഷണം എടുത്തു കഴിച്ചത് കൊണ്ടോ , ആ കറിക്ക് ഒരു ടേസ്റ്റ് വ്യത്യാസം നമ്മുടെ ബാബുട്ടനു തോന്നിയിരുന്നു ...! അതുകൊണ്ട് പിന്നെ അവന്‍ അത് കഴിച്ചില്ല ..!

പക്ഷെ മിലിട്ടറി ക്വാട്ടയോടൊപ്പം എന്ത് കഴിച്ചാലും അതിനു പ്രത്യേക ടേസ്റ്റ് ആണല്ലോ ??

മൂന്നാറ് നിന്നു വണ്ടി പുറപ്പെടും നേരത്ത് , വേലായുധന്‍ മാഷുക്ക് വയറില്‍ ഒരു പെരുപെരുപ്പ് ..!
" എനിക്കും ഉണ്ടല്ലോ മാഷേ വയറിനു ഒരു പ്രശ്നം ...!" കേര്‍ണല്‍ ആണ്
ബാബുട്ടന്‍ വണ്ടി സൈഡിലേക്ക് ഒതുക്കി ..
കുളിര്‍ തെന്നല്‍ ഒഴുകിയെത്തുന്ന മൂന്നാറിന്‍ താഴ്വാരത്തെ വഴിയോരത്ത് 'മൈല്‍ ' കുറ്റികളെ പോലെ അവര്‍ നിരന്നിരുന്നു ..
" ആ റോഡ്‌ സൈഡില്‍ നിന്നു അല്പം ഉള്ളിലേക്ക് കടന്നു ഇരിക്കാമായിരുന്നു ...!" ബാബുട്ടനാണ് .
" അതിനു പറ്റണ്ടേ , എന്റെ ബാബുട്ടാ .....!"
ഒരു വിധം എല്ലാരേയും വീണ്ടും മിനി ബസ്സില്‍ പിടിച്ചു കയറ്റുമ്പോള്‍ എല്ലാരും അവശരായിരുന്നു ...!

വണ്ടി പുറപ്പെട്ടു ...
" ബാബൂട്ടാ , ദേ ഈ വര്‍ക്കി ചേട്ടന്‍ ബസ്സില് ... !!" ആരോ വിളിച്ചു പറഞ്ഞു ..
ബാബുട്ടന്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു വണ്ടി നിര്‍ത്തി ...
" വര്‍ക്കിച്ചന്‍ മാത്രല്ല ബാബുട്ടാ ...!" അത് പറയുമ്പോള്‍ ക്യാപ്ടന്‍ രാജുവിന്റെ മുഖം പോലെ ഉണ്ടായിരുന്ന കെര്‍ണലിന്റെ മുഖം ഇന്നസന്റിനെ പോലെയായി .. എന്തൊരു നിഷ്കളങ്കത ...!
" വീണിതല്ലോ കിടക്കുന്നു ബസ്സിനുള്ളില്‍ ............... അണിഞ്ഞല്ലോ ശിവ ..ശിവ ...!
( ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് , ഇവിടെ ശോണിതം അല്ല ഉത്തരം ..!)

രാവിലെ സെറ്റ് അപ്പ് ആക്കി , തേച്ചു വടി പോലെ യാക്കി ഉടുത്തു കൊണ്ടുവന്ന ഷര്‍ട്ടും പോളിസ്ടര്‍ മുണ്ടുകളും നിറം മാറി സീറ്റുകളില്‍ അലസമായി കിടക്കുന്നു .. അതിന്റെ ഉടമകള്‍ വടി പോലെ കിടക്കുന്നു ..
അവയ്ക്ക് കൂട്ടിനായി , വെറും കാഴ്ചയ്ക്ക് വേണ്ടി മാത്രമായി മഞ്ഞ നിറം പൂണ്ടു കോട്ടന്‍ കളസങ്ങളും ..!

" നമ്മുടെ ബാബൂട്ടന്‍ വണ്ടി നിര്‍ത്തിയതല്ലേ ,
ഒന്ന് ഇറങ്ങി റോഡിന്റെ സൈഡില്‍ ഒന്ന് കൂടി ഇരിക്കാം.. അല്ലേ ? "
പറഞ്ഞത് ബാബുട്ടന്റെ ബന്ധു കൂടിയായ സുരേന്ദ്രന്‍ സാര്‍ ആണ് ...!
" ഇനി ഇറങ്ങിയിട്ടെന്തിനാ ...പാപ്പാ ...?? " എന്ന ഭാവം ബാബുട്ടന് ... എങ്കിലും അവന്റെ കൈ പിടിച്ചു സുരേന്ദ്രന്‍ സാര്‍ ഇറങ്ങി ..

വണ്ടിയുടെ ലെഫ്റ്റ് ഫ്രന്റ്‌ ടയറില്‍ പിടിച്ചു ഇരുന്നപ്പോള്‍ ,
" എയര്‍ കളയല്ലേ പാപ്പാ ...? " എന്ന് ബാബുട്ടന്‍ ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു .

അപ്പോഴാണ്‌ , ചീറി പാഞ്ഞു ഒരു പോലീസ് ജീപ്പ് വന്നു നിന്നത് ...
അടിമാലി പോലീസ് ആയിരുന്നു . പക്ഷെ ഭാഷ കൊടുങ്ങലൂര്‍ ആയിരുന്നു ..
ഇടയ്ക്കിടയ്ക്ക് വണ്ടി നിര്‍ത്തുന്നത് കണ്ട് ആരോ ഫോണ്‍ ചെയ്തു അറിയിച്ചതാണത്രേ ..!
ബസ്സിലേക്ക് ചാടി കയറിയ എസ്‌ .ഐ . സാറാണോ സി .ഐ . സാറാണോ എന്നറിയില്ല ,
ആ കാഴ്ച കണ്ട് ഞെട്ടി പോയി .. ! എത്രയെത്ര ചീഞ്ഞു നാറിയ ശവങ്ങള്‍ക്ക്‌ കാവലിരുന്ന ആളായിരിക്കും ..
പക്ഷെ ...!
രണ്ട് സെക്കന്റിനുള്ളില്‍ ബൂമറാങ്ങ് പോലെ തിരിച്ചു വന്നു .. !!

പോലീസ് എസ്ക്കോര്‍ട്ടില്‍ ഏതോ ഒരു പ്രൈമറി ഹെല്‍ത്ത്‌ സെന്ററിലേക്ക് ...
ബാബുട്ടന്റെ ഏഴെട്ട്‌ വര്‍ഷത്തെ ഡ്രൈവിംഗ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിവസം അങ്ങനെ കൊഴിഞ്ഞു വീണു ..
പാതിരാത്രി നാഷണല്‍ ഹൈവേയിലൂടെ ബാബുട്ടന്റെ രഥം ചീറി പാഞ്ഞു പോകുമ്പോള്‍
പിന്നില്‍ പല തരത്തിലുള്ള അപ ശബ്ദങ്ങള്‍ കേള്‍ക്കുന്നു ...
അതില്‍ നിന്നു രക്ഷ നേടാന്‍ ബാബുട്ടന്‍ ആ സെറ്റ് ഒന്ന് ഓണ്‍ ചെയ്തു ...!
" ചല്‍ ത്തെ .. ചല്‍ത്തേ ..... !"
" നിര്‍ത്തടാ .. അവന്റെ ഒരു ... &* #$ * $ % % & *... "
ഏതായാലും കേര്‍ണല്‍ സാറല്ല ....!!

വെളുപ്പിന് നാല് മണിക്ക് യംഗ് മെന്‍സ് അസോസിയേഷന്‍ ഓഫീസിലേക്ക് അവരെ ഓരോരുത്തരെയും കൈപിടിച്ച് കൊണ്ട് ചെന്നാക്കി ,
ബാഗുകളും പാത്രങ്ങളും എല്ലാം ഒറ്റയ്ക്ക് ഇറക്കി വച്ച് കഴിഞ്ഞപ്പോള്‍ അമ്പലത്തില്‍ " കൌസല്യ .. സുപ്രഭാതം ..." കേള്‍ക്കുന്നുണ്ടായിരുന്നു ...

കലങ്ങിയ കണ്ണുമായി ബാബുട്ടന്‍ ഈ സംഭവ കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ ...
അവന്‍ പെട്ടന്ന് പൊട്ടി കരഞ്ഞു പോയി ... !
ഒരു കൊച്ചു കുട്ടിയെ പോലെ .. ഉച്ചത്തില്‍ .. തേങ്ങി കൊണ്ട് ...
ഒരുമിച്ചു കളിച്ച്‌ വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ നിന്നു കരഞ്ഞപ്പോള്‍ .. !! ഞങ്ങളുടെ എല്ലാ ചിരിയും തമാശയും അപ്പോഴേക്കും അസ്തമിച്ചിരുന്നു .. !
ഞാന്‍ ആരും കാണാതെ എന്റെ കണ്ണ് തുടച്ചു ...
ദേ .. സിന്റോ മോന്റെയും കണ്ണ് നിറഞ്ഞിരിക്കുന്നു ...

" ഇന്ന് വൈകീട്ട് ഒരു ശബരിമല ഓട്ടം ഉണ്ടായിരുന്നതാ ... ഞാന്‍ പോയില്ല , വേറെ ഒരുത്തനെ വിട്ടു..!" ബാബുട്ടന്‍ കരഞ്ഞു കൊണ്ട് തുടര്‍ന്നു ....
" നീ ഇപ്പൊ എങ്ങോട്ടാ ...? " സിന്റോ മോന്റെ മുഖവും വല്ലാതായിരിക്കുന്നു ...
" കടേല് പോണം , വണ്ടി ഒന്ന് കൂടി സര്‍ഫ് ഇട്ടു കഴുകണം .. രണ്ട് കുപ്പി ഡെറ്റോള്‍ കൂടി വാങ്ങണം .."

" മോനേ ബാബുട്ടാ .. നിന്റെ സമയം അത്ര നല്ലതല്ല .....!"
സിന്റോ മോന്‍ അത് പറഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ ദാ വീണ്ടും ഒരു കത്തല് ...!!

********* *********

Views: 20

Tags: www.abiprayam.com

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by praveen mash on July 31, 2012 at 7:07pm

:-)

Comment by മധു ബാലകൃഷ്ണന്‍ on July 31, 2012 at 10:41am

:)

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Anandavalli Chandran liked A.R. Muralidharan's blog post പേഴ്സ്
2 hours ago
Anandavalli Chandran commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
3 hours ago
A.R. Muralidharan's blog post was featured
8 hours ago
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
16 hours ago
Devan Tharappil posted blog posts
yesterday
V Vijayakumar replied to V Vijayakumar's discussion ഒറ്റയ്ക്ക് ഒരിടത്ത് ... in the group Counselling
yesterday
Devan Tharappil commented on U N Gopi Nair's photo
yesterday
Devan Tharappil commented on U N Gopi Nair's photo
yesterday
Devan Tharappil liked U N Gopi Nair's photo
yesterday
E.HARINDRANATH commented on U N Gopi Nair's photo
yesterday
Malayalam Foundation commented on Malayalam Foundation's blog post മലയാളം ഫൗണ്ടേഷന്‍ ഒരുക്കുന്ന പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ മുംബൈയിലെ കലാകാരന്മാര്‍ പങ്കെടുക്കുന്നു
yesterday
V Vijayakumar added a discussion to the group Counselling
Thursday
Anandavalli Chandran commented on Whiteline World's event പ്രേമൻ ഇല്ലത്തിന്റെ പുസ്തക പ്രകാശനം
Thursday
Devan Tharappil shared U N Gopi Nair's photo on Facebook
Thursday
Devan Tharappil liked Mohan Puthenchira's blog post കൂമന്‍ കാവും വിഷപ്പാമ്പുകളും
Thursday
Devan Tharappil commented on Mohan Puthenchira's blog post ഇഷ്ടം
Thursday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service